Latest Updates

തിരുവനന്തപുരം: ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്താത്തവ അസാധുവായേക്കും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കല്‍ നടത്തിയാല്‍ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകള്‍ എന്നിവയുടെ രജിസ്ട്രേഷനിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ആധാറില്‍ മൊബൈല്‍ നമ്പറും ഇ -മെയിലും നല്‍കണം. പല വകുപ്പുകളും ആധാറിലെ മൊബൈലില്‍/ ഇ- മെയിലില്‍ ഒടിപി അയച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അഞ്ചു വയസുവരെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800/ 04712335523. ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442.

Get Newsletter

Advertisement

PREVIOUS Choice